HHHH

PAGES

Drop Down MenusCSS Drop Down MenuPure CSS Dropdown Menu

Latest News

2015, മേയ് 29, വെള്ളിയാഴ്‌ച

സ്കൂൾ ഇനി പഴയ സ്കൂളല്ല; പാഠപുസ്തകങ്ങൾ ഇനി മൊബൈൽ ഫോണിലും......

മധ്യവേനൽ അവധി കഴിഞ്ഞ് സ്കൂളുകൾ തുറക്കാൻ ഇനി ദിവസങ്ങൾ മാത്രം. ഏഴു വർഷത്തെ ഇടവേളയ്ക്കുശേഷം സംസ്ഥാനത്തെ സ്കൂളുകളിൽ ഒൻപതും പത്തും ക്ലാസുകൾ ഒഴികെ പുതിയ പാഠ്യപദ്ധതി നിലവിൽവരുകയാണ്. പ്രീപ്രൈമറി മുതൽ പ്ലസ് ടു വരെയുള്ള പാഠ്യപദ്ധതി പരിഷ്കരിച്ചുകഴിഞ്ഞു. അടുത്ത വർഷം 9,10 ക്ലാസുകളിൽ കൂടി പുതിയ പുസ്തകങ്ങൾ നിലവിൽ വരുന്നതോടെ പരിഷ്കരണം പൂർണമാകും.
പാഠ്യപദ്ധതി പരിഷ്കരണത്തിന്റെ ഭാഗമല്ലെങ്കിലും രാജ്യത്ത് ആദ്യമായി ഡിജിറ്റൽ പാഠപുസ്തകങ്ങൾ കേരളത്തിൽ നിലവിൽ വന്നുകഴിഞ്ഞു. എട്ടു മുതൽ 10 വരെ ക്ലാസുകളിലെ പാഠപുസ്തകങ്ങൾ ഇപ്പോൾ മൊബൈൽ ഫോണിൽ വരെ ലഭിക്കും. മറ്റു ക്ലാസുകളിലെയും ഹയർ സെക്കൻഡറി, വൊക്കേഷനൽ ഹയർ സെക്കൻഡറി എന്നിവയുടെയും പുസ്തകങ്ങൾ ഓഗസ്റ്റോടെ ഓൺലൈനായി ലഭിച്ചുതുടങ്ങും. ഡിജിറ്റൽ പാഠപുസ്തകങ്ങളിൽ മഞ്ഞനിറത്തിൽ രേഖപ്പെടുത്തിയ സ്ഥലത്തു ക്ലിക്ക് ചെയ്താൽ ആ പാഠഭാഗം സംബന്ധിച്ച വിഡിയോ ഉൾപ്പെടെയുള്ള വിശദാംശങ്ങൾ കാണാം.
പഴയ പാഠ്യപദ്ധതിയിൽ വിദ്യാർഥിക്കു പഠിക്കാനുള്ള വിഷയങ്ങൾ കുറവായിരുന്നുവെന്നും എന്നാൽ ഇപ്പോൾ കൂടുതൽ മെച്ചപ്പെട്ട ഉള്ളടക്കമാണ് ഉള്ളതെന്നും അതിന്റെ ശിൽപികൾ അവകാശപ്പെടുന്നു. സാധാരണ ബുദ്ധിശേഷിയുള്ള വിദ്യാർഥികളെയും മിടുക്കരെയും ഒരേപോലെ മനസ്സിൽ കണ്ടാണു പാഠഭാഗങ്ങൾ തയാറാക്കിയിരിക്കുന്നത്.
പഠിപ്പിക്കുന്ന രീതിയിലും മാറ്റമുണ്ട്. ചർച്ചയിലൂടെയും സംവാദത്തിലൂടെയുമാണു പഠനം. നാടകത്തെയും മറ്റു കലകളെയും ഇതിനായി ഉപയോഗിക്കാം. മഴയെക്കുറിച്ചുള്ള പാഠമാണെങ്കിൽ മഴ നനഞ്ഞു ക്ലാസിലേക്ക് കയറിവരുന്ന കുട്ടിയിൽനിന്ന് അധ്യാപകനു തുടങ്ങാം. മഴയെന്ന സങ്കൽപത്തിന്റെ വിവിധ വശങ്ങൾ വിദ്യാർഥിക്കു ബോധ്യമായാൽ മഴപ്പാട്ടുകളിലേക്കു പോകാം. അധ്യാപകൻ ആശയം അവതരിപ്പിച്ചുകഴിഞ്ഞാൽ കുട്ടികൾ പാഠഭാഗങ്ങൾ വായിക്കണം. വിദ്യാർഥികൾക്കു കേൾക്കുന്നതിനും സംസാരിക്കുന്നതിനും വായിക്കുന്നതിനും എഴുതുന്നതിനുമുള്ള എല്ലാ സാഹചര്യവും ഉണ്ടാക്കണമെന്നാണു പുതിയ പാഠ്യപദ്ധതിയിൽ പറയുന്നത്. ഒപ്പം വിദ്യാർഥിയുടെ സർഗവാസനകളെ പ്രോത്സാഹിപ്പിക്കുകയും വേണം. മഴയെക്കുറിച്ച് അനുഭവക്കുറിപ്പുകൾ എഴുതാൻ ആവശ്യപ്പെടാം. മഴക്കവിതകളും നാടൻ പാട്ടുകളും ശേഖരിക്കാം.

പാഠം വായിക്കുന്ന കുട്ടിക്ക് അതുമായി ബന്ധപ്പെട്ട കാര്യങ്ങൾ അധ്യാപകരോടു ചോദിക്കാം. അധ്യാപകർക്കു തിരിച്ചും ചോദിക്കാം. വിദ്യാർഥിയും പുസ്തകവുമായും വിദ്യാർഥിയും അധ്യാപകനുമായും വിദ്യാർഥിയും വിദ്യാർഥിയുമായും വിദ്യാർഥിയും സമൂഹവുമായുമുള്ള ആശയവിനിമയമാണു പുതിയ പാഠ്യപദ്ധതി ലക്ഷ്യമിടുന്നത്. കൃഷിയെക്കുറിച്ചുള്ള പാഠമാണെങ്കിൽ സ്കൂളിനു സമീപമുള്ള കർഷകനോടു സംശയം ചോദിക്കാം. ആവശ്യമെങ്കിൽ ക്ലാസിലേക്കു കർഷകനെ കൊണ്ടുവന്നു കാര്യങ്ങൾ വിശദീകരിക്കുന്നതിനും തടസ്സമില്ല. സമൂഹത്തിനു പൊലീസ് ചെയ്യുന്ന സേവനങ്ങളാണു പഠിക്കേണ്ടതെങ്കിൽ പൊലീസ് സ്റ്റേഷനിൽ പോയി വിദ്യാർഥികൾക്കു നേരിട്ടു മനസ്സിലാക്കാം.
അറിവു നേടേണ്ടതു ഗുരുമുഖത്തുനിന്നു മാത്രമല്ല എന്നു പുതിയ പാഠ്യപദ്ധതി വ്യക്തമാക്കുന്നു. പഠനത്തിനായി ഉപയോഗിക്കുന്ന വ്യത്യസ്ത ഉപാധികളിൽ ഒന്നു മാത്രമാണു പാഠപുസ്തകം. അതിനു സഹായിക്കുന്നവരാണ് അധ്യാപകർ. ഈ ഘട്ടത്തിലാണ് അധ്യാപകർ സഹരക്ഷിതാവ് എന്ന നിലയിലേക്കു കൂടി ഉയരേണ്ടത്. പഠനത്തിനായി വിവരസാങ്കേതികവിദ്യയുടെ സാധ്യത പരമാവധി ഉപയോഗിക്കണം. ഇന്റർനെറ്റിലെ വിവരങ്ങൾ ഇതിനു പ്രയോജനപ്പെടുത്തണം. വിദ്യാർഥികളെ കംപ്യൂട്ടർ ലാബിലേക്കു കൊണ്ടുപോയോ, ക്ലാസിൽ ലാപ് ടോപ് ഉപയോഗിച്ചോ വിവരങ്ങൾ പങ്കുവയ്ക്കാം. ലോകാദ്ഭുതങ്ങൾ, വ്യത്യസ്ത ഇനം പുഷ്പങ്ങൾ, ജന്തുക്കൾ തുടങ്ങിയവയെല്ലാം വിദ്യാർഥികൾക്കു കംപ്യൂട്ടർ സ്ക്രീനിൽ കാണാനാകും.
പഠനത്തിന് ആവശ്യമായ അസൈൻമെന്റുകൾ മാത്രമേ ഉണ്ടാവൂ. വെറുതെ എന്തെങ്കിലും അസൈൻമെന്റ് ചെയ്യിക്കുന്ന രീതി ഇല്ല. കഥയോ കവിതയോ പഠിപ്പിക്കുമ്പോൾ ആ കഥാകൃത്തിന്റെയും കവിയുടെയും മറ്റു കഥകളും കവിതകളും ശേഖരിക്കുക, കഥാകൃത്തിനെക്കുറിച്ചു കുറിപ്പ് തയാറാക്കുക, ഇതേ ആശയം ഉള്ള മറ്റു കഥകളും കവിതകളും കണ്ടെത്തുക തുടങ്ങിയ ജോലികൾ കുട്ടികൾ ചെയ്യേണ്ടിവരും. സെമിനാർ, പ്രോജക്ട് തുടങ്ങിയവയും ഉണ്ടാകും. ശാസ്ത്രവിഷയങ്ങൾക്ക് ആവശ്യമായ പരമാവധി അറിവ് ലൈബ്രറിയിൽനിന്നും ഇന്റർനെറ്റിൽനിന്നും ശേഖരിക്കേണ്ട വിധത്തിലാണു പുതിയ പാഠ്യപദ്ധതി ക്രമീകരിച്ചിരിക്കുന്നത്.

കഴിഞ്ഞ അധ്യയന വർഷം 1, 3, 5, 7, പ്ലസ് വൺ ക്ലാസുകളിലെ പാഠപുസ്തകങ്ങളാണു പരിഷ്കരിച്ചത്. ഇക്കൊല്ലം പ്രീപ്രൈമറിയിൽ പുതിയ പാഠ്യപദ്ധതി അനുസരിച്ച് ഏകീകൃത പാഠപുസ്തകം തയാറാക്കിയിട്ടുണ്ട്. ഈ പുസ്തകം അധ്യാപകർക്കു മാത്രമാണു നൽകുക. ഇതിനു പുറമെ 2, 4, 6, 8, പ്ലസ് ടു ക്ലാസുകളിലെ പുസ്തകങ്ങളും ഇക്കൊല്ലം പരിഷ്കരിച്ചു. അടുത്തവർഷം 9,10 ക്ലാസുകളിൽ നിലവിൽവരുന്ന പുതിയ പുസ്തകങ്ങളുടെ നിർമാണജോലി തുടങ്ങിക്കഴിഞ്ഞു. എസ്എസ്എൽസി വിജയം 100 ശതമാനത്തോട് അടുക്കുന്ന സാഹചര്യത്തിൽ എഴുത്തുപരീക്ഷയ്ക്കും തുടർമൂല്യനിർണയത്തിനും ജയിക്കുന്നതിനു പ്രത്യേകം മിനിമം മാർക്ക് നടപ്പാക്കുന്നത് ഉൾപ്പെടെയുള്ള പരിഷ്കാരങ്ങൾ പുതിയ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തും.
കലാ കായിക ആരോഗ്യ വിദ്യാഭ്യാസവും പ്രവൃത്തിപരിചയവും കഴിഞ്ഞവർഷം നിലവിൽവന്നുവെങ്കിലും അത് എത്രത്തോളം ഫലപ്രദമായി എന്നു വിലയിരുത്തിയിട്ടില്ല. എൽപി ക്ലാസുകളിൽ ആദ്യമായി ഇംഗ്ലിഷ് മീഡിയം പാഠപുസ്തകങ്ങൾ സർക്കാർതന്നെ തയാറാക്കി നൽകിയതു കഴിഞ്ഞ വർഷമായിരുന്നു. ഒരുദിവസത്തെ പീരിയഡുകളുടെ എണ്ണം എട്ടാക്കി ഉയർത്താൻ കഴിഞ്ഞവർഷം ശ്രമിച്ചിരുന്നുവെങ്കിലും നടന്നില്ല.
പുതിയ പാഠ്യപദ്ധതിയിൽ വിലയിരുത്തൽ രീതിക്കും മാറ്റമുണ്ട്. ഭാഷ, ശാസ്ത്രം, കല, പ്രവൃത്തിപഠനം, ആരോഗ്യ കായിക പഠനം എന്നിവ അടങ്ങുന്ന വൈജ്ഞാനിക മേഖലയിലെ വിദ്യാർഥിയുടെ പ്രകടനം അധ്യാപകൻ വിലയിരുത്തണം. ഒപ്പം ആശയ വിനിമയശേഷി, വ്യക്തിപരമായ കഴിവുകൾ, മറ്റുള്ളവരോടുള്ള മനോഭാവം, മാനസിക സമ്മർദം മറികടക്കാനുള്ള പാടവം, പ്രശ്നങ്ങൾ നേരിടാനും പരിഹരിക്കാനുമുള്ള കഴിവ്, തീരുമാനം എടുക്കാനുള്ള ശേഷി, വിമർശനാത്മക ചിന്ത, ക്രിയാത്മക ചിന്താശേഷി, സ്വയം മനസ്സിലാക്കാനും നിയന്ത്രിക്കാനുമുള്ള കഴിവ് എന്നിവ അടങ്ങുന്ന സാമൂഹിക വൈകാരിക മേഖല കൂടി വിലയിരുത്തേണ്ടതുണ്ട്. ഇതിനു ഗ്രേഡ് നിശ്ചയിച്ചിട്ടുണ്ട്.
വൊക്കേഷനൽ ഹയർ സെക്കൻഡറി (വിഎച്ച്എസ്ഇ) കോഴ്സുകളും ഈ വർഷം പൂർണമായും ഉടച്ചു വാർക്കുകയാണ്. മുമ്പു പഠിപ്പിച്ചിരുന്ന 42 പഴഞ്ചൻ വിഷയങ്ങൾ ഉപേക്ഷിച്ചു. പകരം കാലാനുസൃതമായ 35 തൊഴിൽ അധിഷ്ഠിത വിഷയങ്ങളാണു പഠിപ്പിക്കുക. ഇതിനനുസരിച്ചു പാഠപുസ്തകങ്ങളിലും മാറ്റം ഉണ്ടാകും.
പഴയ പാഠ്യപദ്ധതിയിൽ പ്രശ്നാധിഷ്ഠിത രീതിയാണു പരീക്ഷിച്ചിരുന്നത്. എട്ടു മേഖലകൾ തിരിച്ച് ആ മേഖലകളിലെ പ്രശ്നങ്ങൾ പരിഹരിക്കുന്ന രീതിയിലാണു നേരത്തെ പാഠഭാഗങ്ങൾ ക്രമീകരിച്ചിരുന്നത്. എന്നാൽ, പുതിയ പാഠ്യപദ്ധതിയിൽ ഓരോപാഠഭാഗവും കഴിയുമ്പോൾ വിദ്യാർഥി നിശ്ചിത കാര്യങ്ങൾ മനസ്സിലാക്കിയിരിക്കണമെന്നു ലക്ഷ്യമിടുകയും അതു വിലയിരുത്തുകയും ചെയ്യുന്നുവെന്നതാണ് അടിസ്ഥാനപരമായ മാറ്റം.

പഠിക്കാനും പരീക്ഷയ്ക്കും ഡിജിറ്റൽ പാഠപുസ്തകം:
ഡിജിറ്റൽ പാഠപുസ്തകം വായിക്കാൻ താൽപര്യമുള്ളവർക്ക് ആദ്യഘട്ടത്തിൽ dct.kerala.gov.in എന്ന വെബ്സൈറ്റിൽ ഇതു ലഭ്യമാണ്. പഴ്സനൽ കംപ്യൂട്ടറിലും മൊബൈലിലും പുസ്തകങ്ങൾ ലഭിക്കും. എന്നാൽ, അടുത്ത ഘട്ടമാകുമ്പോൾ ഓരോ വിദ്യാർഥിക്കും യൂസർ നെയിമും പാസ് വേഡും നൽകാനാണ് ആലോചന. വിദ്യാർഥികൾക്ക് ഇടയ്ക്കു പരീക്ഷകൾ നടത്തുന്നതിനാണ് യൂസർ നെയിമും പാസ് വേഡും നടപ്പാക്കുന്നത്. ഓൺലൈൻ പരീക്ഷയിൽ പങ്കെടുക്കുന്ന വിദ്യാർഥി എന്തെല്ലാം തെറ്റുകൾ വരുത്തുന്നുവെന്നു ചൂണ്ടിക്കാട്ടി കൃത്യമായ മറുപടി അയാൾക്കു ലഭിക്കും. ഇതു നോക്കി വിദ്യാർഥിക്കു തെറ്റു തിരുത്താം.

അധ്യാപകരല്ല, ഇനി സഹരക്ഷിതാക്കൾ:
പുതിയ പാഠ്യപദ്ധതിയിൽ അധ്യാപകരെ ‘സഹരക്ഷിതാവ് ’ എന്നാണു വിശേഷിപ്പിച്ചിരിക്കുന്നത്. അധ്യാപകരോടു കുട്ടിക്ക് കാര്യങ്ങൾ തുറന്നുപറയാനും സംശയം ചോദിക്കാനും കഴിയണം. ഉപദേശിക്കാനും വഴികാട്ടിയാകാനും മാത്രമല്ല നല്ല സുഹൃത്താകാനും അധ്യാപകർക്ക് സാധിക്കണം. പുതിയ പാഠ്യപദ്ധതി അനുസരിച്ചു വിദ്യാർഥികളെ അധ്യാപകർ ശാരീരികമായി ശിക്ഷിക്കുകയോ ഭയപ്പെടുത്തുകയോ ചെയ്യാൻ പാടില്ല.

അഭിപ്രായങ്ങളൊന്നുമില്ല: